5എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു."
6അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും."
7അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു."
8ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്വിൻ."
9നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും."