1യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു."
2സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു."
3ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ--ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു."
4യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതിൽക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി."