28ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു."
29എന്നാൽ അവർ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു."
30ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു."
31അവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു."
32അങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു."