18അതിന്നു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപടർപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു."
19എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നതു എന്തിന്നു?"
20എന്നാൽ അമസ്യാവു കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താൽ സംഭവിച്ചു."
21അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു തമ്മിൽ നേരിട്ടു."
22യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി."