28ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു."
29അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി."
30രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു."
31രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു."
32യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു."