19നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു."
20നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു."
21എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു."
22ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും."
23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ."