1ആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു."
2ഹിസ്കീയാവു അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല ഒക്കെയും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു."
3അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നേ; എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു പറഞ്ഞു."