14യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു."
15അതുകൊണ്ടു യഹോവ: ഞാൻ അയക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;"
16അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും."
17നീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു."
18വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു."