30നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും."
31നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല."
32ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂർവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക."
33ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?"
34അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവെച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?"