10പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു."
11അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും."
12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും."
13ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവർക്കു കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു."
14ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും."