26അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം."
27വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു."
28അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു."
29അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവർക്കുള്ളതായിരിക്കേണം."
30സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം."