13ശമർയ്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്വം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു."
14യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്‌പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോം പോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു."
15അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു."
16സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു."
17എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു."