12കൂശ്യനായ ഏബെദ്--മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു."
13അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു."
14അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു."
15അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു."
16സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു."